Tuesday, March 31, 2020

കൃഷ്ണ പരുന്തുകൾ മീൻ കൊത്തി പറക്കുമ്പോൾ (ട്രോളല്ല)



ഒരു ഭക്തന്റെ ദൈവം വാട്ട്സാപ്പാണ്. അയാൾ ഒരു  കെട്ടിടം കെട്ടി വാട്ട്സാപ്പ് ചിഹ്നം സ്ഥാപിച്ച് അതിന് വാട്ട്സാപ്പ് അമ്പലം എന്ന് പേരിടുന്നു.
വാട്ട്സാപ്പ് ഉള്ളവർക്ക് മാത്രം പ്രവേശനം എന്ന് ബോർഡ് വെക്കുന്നു.
വാട്ട്സാപ്പിലൂടെയും ദർശനമാവാം.
പച്ച ഷർട്ടും പച്ച ജീൻസും ധരിച്ച് അയാൾ തന്നെയാണ് പൂജ.
അവിടെ വരുന്നവരും ആ വേഷത്തിൽ തന്നെ വേണം വന്ന് പ്രാർത്ഥിക്കാൻ.
"വാട്ട്സാപ്പ് വാട്ട്സാപ്പ് വാട്ടീസപ്പ്
വാട്ടീസപ്പ് വിൽ കം ഡൗൺ വൺസ്" എന്ന താണ് മൂലമന്ത്രം.
ഭക്തൻ തന്നെയാണ് മന്ത്രരചന.
മൊബൈൽ റിങ്ടോൺ ഉച്ചത്തിൽ വെച്ചു വേണം അകത്ത് പ്രവേശിക്കാൻ.
നിയമം ഭക്തന്റേതാണ്.
ഇടതുകാലും വലതു കാലും ഒരുമിച്ച് വെക്കണം.
അതായത് ചാടി വേണം കടക്കാൻ.
ഭക്തൻ തന്നെയാണ് ആചാരം ഉപദേശിച്ചത്.
എല്ലാ വർഷവും അമാവാസിയും വെള്ളിയാഴ്ചയും 13ഉം ഒരുമിച്ച് വരുന്ന ദിവസം ഉച്ചക്ക് 12 മണിക്കും രാത്രി 12 മണിക്കും മാത്രമേ പൂജ ഉണ്ടാവൂ.
പ്രസാദം ബൈറ്റ്സാണ്.
ആദ്യമാദ്യം അയാൾ മാത്രമേ ഉള്ളു പൂജിക്കാനും ദർശനം നടത്താനും.
പിന്നീട് കൗതുകത്തിന് ചിലരെത്തി.
പ്രാർത്ഥിച്ച് പുറത്ത് കടന്ന ഉടൻ അവർക്ക് ജിബി കണക്കിന് ബൈറ്റ്സ് സൗജന്യമായി കിട്ടിയത്രെ!
പതുക്കെ പതുക്കെ ഈ വാർത്ത പടരുന്നു.
ജനം പച്ച ഷർട്ടും പച്ച ജീൻസും ധരിച്ച് മൊബൈൽ റിങ്ടോൺ ഉച്ചത്തിൽ വെച്ച് ക്ഷേത്ര ദർശനത്തിന് ചാടിയെത്തുന്നു.
നടവരവ് ക്രമാതീതമായി വർദ്ധിക്കുന്നു.
കുറുക്കൻകണ്ണുമായ് കാത്തിരിക്കുന്ന ദേവസ്വം ബോർഡ് ക്ഷേത്രം ഏറ്റെടുക്കുന്നു (ഭക്തൻ തന്നെ ഏൽപ്പിച്ചതാണെന്ന് ഔദ്യോഗിക ഭാഷ്യം).
വർഷത്തിലൊരിക്കൽ ആഭരണം ചാർത്തൽ മാത്രമാക്കി ഭക്തന്റെ ക്ഷേത്ര ചുമതല നിജപ്പെടുത്തുന്നു.
ഭക്തജനത്തിരക്ക് വിരലിലെണ്ണാവുന്നവരിൽ നിന്ന് കോടികളിലേക്ക് ഉയരുന്നു.
അതുപോലെ തന്നെ വരുമാനവും കുതിക്കുന്നു.
ഏർപ്പാട് കൊള്ളാമല്ലോ!
വർഷത്തിൽ ആകെ ഒന്നോ രണ്ടോ ദിവസമുള്ള സംഭവത്തിന് കിട്ടുന്നത് ഒരു വർഷം മുഴുവൻ എണ്ണിയാലും തീരാത്ത തുക !!
സ്വർണ്ണമായും വെള്ളിയായും വേറെയും നടവരവ് !!
ദിവസവും ഇതു കിട്ടാൻ എന്താണ് തടസ്സം?
അമാവാസി, വെള്ളിയാഴ്ച, 13 ഇതൊക്കെ അനാചാരങളല്ലെ?
അവ പുരോഗമനപരമായ ഒരു ലോക ക്രമത്തിൽ പ്രസക്തമാണോ?
മാറ്റുവിൻ ദുരാചാരങ്ങളെ !
" യുവറോണർ, ആത്യന്തികമായി ഇതൊക്കെ ഭരണഘടന നിഷ്കർഷിക്കുന്ന സമത്വസുന്ദരലോകത്തിന് എതിരാണ്. നാടിനെ ശിലായുഗത്തിലേക്കല്ല ഉത്തരാധുനികതയിലേക്കാണ് ക്രാന്തദർശികളായ ഭരണാധികാരികൾ നയിക്കേണ്ടത്."
"വളരെ ശരിയാണല്ലോ, ആർക്കെങ്കിലും എതിരഭിപ്രായമുണ്ടോ?"
ഭക്തൻ: " ഉണ്ട്"
കോടതി: "യുക്തിഭദ്രമായി പരാതി ബോധിപ്പിക്കൂ"
ഭക്തൻ: " ക്ഷേത്രം വ്യക്തിപരമായ ആവശ്യത്തിന് വ്യക്തമായ ആചാര ക്രമത്തോടെ തുടങ്ങിയതാണ്."
"ആരാണ് ഇപ്പോൾ ഉടമസ്ഥൻ?"
"സ്റ്റേറ്റാണ്"
"സ്റ്റേറ്റ് പൊതുവിലുള്ളതാണോ സ്വകാര്യ സ്വത്താണോ?"
" പൊതുവിലുള്ളതാണ് "
" അപ്പോൾ പൊതു നിയമം ബാധകമല്ലേ, ഭരണഘടന ലംഘിക്കാമോ?"
" യുവറോണർ ഇത് ഭരണഘടന പ്രശ്നമല്ല, വിശ്വാസത്തിന്റെ പ്രശ്നമാണ്. "
കോടതി: "ഭരണഘടനക്ക് മുകളിൽ ഒരു വിശ്വാസ പരുന്തും പറക്കണ്ട. സ്റ്റേറ്റ് എന്തു പറയുന്നു?"
സ്റ്റേറ്റ്: "അതു തന്നെയാണ് നിലപാട് "
ഭക്തൻ: "സ്റ്റേറ്റും കോടതിയും പണ്ടോറയുടെ പേടകം തുറക്കുകയാണ്. ഇത് അനാവശ്യമാണ്. "
സ്റ്റേറ്റ്: " തുറക്കാത്ത പേടകങൾ തുറന്നവയേക്കാൾ ഭയാനകങ്ങളാണ്."
കോടതി: "പേടകങൾക്കു പുറത്തു വരുന്ന ഭൂതങൾക്കും അകത്തിരിക്കുന്നവക്കും സ്വതന്ത്ര വായു ശ്വസിക്കാൻ ഭരണഘടന അനുവദിക്കുന്നുണ്ട്. "
ഭക്തൻ: "സ്വതന്ത്ര വായു ശ്വസിക്കാൻ എല്ലാവർക്കുമുള്ള അവകാശത്തെയല്ല ഇവിടെ ചോദ്യം ചെയ്യുന്നത്. സ്വതന്ത്ര വായുവിൽ വിഷം കലർത്തുന്നതിനെയാണ്. എങ്ങനെ ശ്വസിക്കണം എന്നതും മൗലികാവകാശമാണ്. "
കോടതി: "എല്ലാ മനുഷ്യരും, മൃഗങളും മൂക്കിലൂടെയാണ് ശ്വസിക്കുന്നത്. ഭക്തർക്കും അത് ബാധകമാണ്. "
ഭക്തൻ: "യുവറോണർ, ഭക്തനും മൂക്കിലൂടെ തന്നെയാണ് ശ്വസിക്കുന്നത്. മല ദ്വാരത്തിലൂടെയല്ല എന്ന് പ്രത്യേകം പറയേണ്ടതില്ല. എന്നാൽ ശ്വസന രീതിയിൽ വ്യത്യാസമുണ്ട്. ചിലർ ശ്വാസമെടുക്കുമ്പോൾ ശിവനേ എന്നു വിളിക്കും, ചിലർ ഹരേ കൃഷ്ണാ എന്നും വേറെയും ചിലർ അയ്യപ്പാ എന്നും വിളിച്ചുകൊണ്ടാണ് ശ്വസിക്കുന്നത്. ആ രീതി നിലനിർത്തണമെന്നാണ് അപേക്ഷ."
കോടതി: "അസംബന്ധം. മൂക്കിലൂടെ കയറുന്നത് ഓക്സിജനാണ്. അതിന് ഒരു രീതിയെ ഉള്ളൂ. ഒരു രീതിയെ പാടൂ. എല്ലാവരും ഒരു രീതിയിൽ ശ്വസിച്ചാൽ മതി."
ഭക്തൻ: "ജനാധിപത്യ രീതിയല്ല അത്. ഞാൻ ശിവനേ എന്ന് വിളിച്ച് ശ്വസിക്കുന്നതും, വേറൊരാൾ ഹരേ കൃഷ്ണാന്ന് വിളിച്ച് ശ്വസിക്കുന്നതും, ഇനിയുമൊരാൾ അയ്യപ്പാന്ന് വിളിച്ച് ശ്വസിക്കുന്നതും എങ്ങനെയാണ് ഭരണഘടനയെ ദോഷമായി ബാധിക്കുന്നത്. എങ്ങനെയാണ് സമൂഹത്തിന് ദോഷമാകുന്നത്. തികച്ചും നിർദ്ദോഷമായ ഒരു പ്രക്രിയയെ കോടതി സങ്കീർണ്ണമാക്കരുത്."
കോടതി: "ഭക്തർ പല രീതിയിൽ ശ്വസിക്കുന്നതിനോട് സ്റ്റേറ്റിനെതിർപ്പുണ്ടോ? ഏതെങ്കിലും തരത്തിൽ സ്റ്റേറ്റിന്റെ നടത്തിപ്പിനെ അതു തടസ്സപ്പെടുത്തുന്നുണ്ടോ?"
സ്റ്റേറ്റ്: "അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കൽ സ്റ്റേറ്റിന്റെ നയമല്ല. മൂക്ക്, വായു ഇതു രണ്ടും മാത്രമാണ് യാഥാർത്ഥ്യം. മറ്റുള്ളവ ഫിക്ഷനും മിത്തുമാണ്. മതേതര സ്റ്റേറ്റിന് കറുപ്പും വെളുപ്പുമാണ് തിരിച്ചറിയുന്ന  വർണ്ണങൾ. ഉപയോഗിക്കുന്ന കണ്ണട സ്ഫടികമാണ്. "
ഭക്തൻ: "ഫ്രേം എങ്കിലും തെരഞ്ഞെടുക്കാൻ ഭക്തന് അവകാശം തരണം. അതും അടിച്ചേൽപ്പിക്കരുത്."
സ്റ്റേറ്റ്: " ഇന്ന് ഫ്രേമിന് വേണ്ടി വാദിക്കുന്നവർ നാളെ കണ്ണടക്കു വേണ്ടിയും പിന്നെ കണ്ണടയുടെ നിറത്തിനു വേണ്ടിയും വാദിക്കും. കോടതി തല വെച്ചു കൊടുക്കരുത്."
ഭക്തൻ: "എനിക്കും അതു തന്നെയാണ് അപേക്ഷ. കോടതി തല വെച്ചു കൊടുക്കരുത്."
കോടതി: ''ങ്ങേ? "
ഭക്തൻ: " ഇന്ന് സ്ഫടികമുപയോഗിച്ചാൽ മതി എന്നു പറയുന്നവർ നാളെ ഏത് ഫ്രേം ഉപയോഗിക്കണം, കണ്ണട എങ്ങനെ മൂക്കിൽ വെക്കണം എന്നും നിഷ്കർഷിച്ചു തുടങ്ങും. അത് ഏകകോശ സമൂഹ വ്യവസ്ഥിതിക്ക് ശില പാകലാവും. ബഹുസ്വരത വീട് വിട്ടോടും... കൃഷ്ണ പരുന്തു മീൻ കൊത്തി പറക്കും."
സ്റ്റേറ്റ്: "പിരിയൻ ഗോവണികളിലെ ക്ലാവ് നീക്കം ചെയ്യാനാണ് സ്റ്റേറ്റിന്റെ ഉദ്ദേശ്യം യുവറോണർ. ഉദ്ദേശത്തിന്റെ വിശുദ്ധി തല്ലി കെടുത്തുന്ന വിധി പുറപ്പെടുവിക്കുന്നത് തലമുറകളെ വീണ്ടും ചങ്ങലക്കിടുന്നതിന് ഇടവരുത്തും."
ഭക്തൻ: "ഞങ്ങൾ ഭക്തന്മാരാണ് യുവറോണർ. ഇത്തരം ലോജിക്കുകൾ ഭക്തിമാർഗ്ഗത്തെ അവഹേളിക്കുന്നു എന്നു മാത്രമല്ല ഭക്തിയെ കമ്മോഡിഫൈ ചെയ്യുകയും ചെയ്യുന്നു. വിശ്വാസം വില്പന ചരക്കല്ല."
കോടതി: " ഭരണഘടന മാത്രമാണ് പരമമായ സത്യം. മറ്റെല്ലാം മിഥ്യ. ഏകം സത് വിപ്രാബഹുദാവദന്തി. അതു കൊണ്ട് പ്രജകൾ എല്ലാവരും കൃത്യമായി ശ്വസിക്കുന്നുണ്ടോ എന്നുറപ്പു വരുത്താൻ നാം സ്റ്റേറ്റിനോടുത്തരവിടുന്നു."
സ്റ്റേറ്റ്: "ങേ? "
ഭക്തൻ: "ങേ ങേ? "
കോടതി: "ങാ "
(Posted in Facebook on October 11, 2018)

No comments :