അത്തം കറുത്തപ്പോ ചിത്ര പറഞ്ഞു:
ചോതിക്ക് വിശാകും അനിഴം തിരുമേനിയും ശ്രീ മൂല സ്ഥാനത്തെത്തുമത്രേ
ഒറ്റ പൂരാടത്തിന് ഉത്രാട പാച്ചിലെന്തിനു?
പിന്നെ തിരുവോണമല്ലേ
എന്തേലും വേണ്ടേ?
മുട്ടിക്കാൻ രണ്ടറ്റമില്ലാത്തവന് വിൽക്കാൻ കാണം വേണോ?
എന്നും ആഘോഷമല്ലേ
മനസ്സിൽ പാതാളമുള്ളവന്
എന്നും മാവേലിയെ കാണാലോ.
നിനക്കുള്ളതൊക്കെ ഞാൻ കരുതി വെച്ചിട്ടുണ്ട്
പ്രതിലോമ സാങ്കേതിക വിദ്യയാൽ ശീതീകരിച്ച ഒരു തുമ്പ പൂ
ത്രിമാന വിസ്മയ കാഴ്ചകൾ
കാലാവസ്ഥ നിയന്ത്രിത കിടപ്പു മുറി
മതിലിൽ കോറിയിട്ട ആശംസകൾ.
കൊറിയർ വരും നൂറ്റെട്ട് കറിയും ചോറും
ശേഷം കൊണ്ട് പൊതി കെട്ടിയിട്ടുണ്ടെങ്കിൽ ന്യൂ ജെൻ തമാശയാണെന്ന് കരുതിയാ മതി.
"തമ്പീ ഒന്നും എന്നും ഒന്നു പോലായിരിക്കില്ല
മുന്നിൽ കാണുന്നതൊക്കെ മുന്നോട്ടുള്ള വഴിയാവണമെന്നില്ല"
കയ്യിലുള്ള ചില്ലറ പകുത്തു കൊടുത്തപ്പോ
പൂ ചന്തയിലെ കറുത്ത മുറിയിൽ
കൊതുകും മൂട്ടയും കടിച്ചു പിടിച്ചു പിടഞ്ഞപ്പോ
വെറ്റില കറ പുരണ്ട കറുത്ത ചുണ്ടുകൾ വിവരിച്ച വേദാന്തം.
കീറിയ മുള പായയിൽ അവശേഷിപ്പിച്ചു പോയ താഴമ്പൂ
വാടാതെ,
വിയർപ്പു മണവും
വിശപ്പുമായി,
ചിതലരിച്ച പുസ്തക താളുകൾക്കിടയിൽ
ഇന്നും അമര്ന്നിരിക്കുന്നു.
സീരിയൽ തിരക്കിനിടയിലും നീ തീർത്ത അവിയലിൽ അറിയാതെ വീണുപോയ കയ്പക്ക
പാലടയിലെ പുളിങ്കുരു
സാമ്പാറിലെ ചിക്കൻ ലെഗ്
പൊറോട്ട കൊഴക്കാൻ പാകത്തിൽ വേവിച്ചെടുത്ത ചോർ
നെയ്യിലെ ചോര കറ
മതി വിശേഷങ്ങൾ
നേരമേറെയായി
ഇനി ഞാനെന്റെ കണ്ണീർ കറന്നെടുക്കട്ടെ
വില കൂടുമ്പോ ഫ്ലിപ്കര്ടിലൂടെ വിൽക്കാൻ.
No comments :
Post a Comment